Wednesday, July 27, 2011

ഇല




ശിഖരനിബിഡമാമൊരു മരത്തില്‍,
ഒരിലയായി ഞാന്‍ കിളിര്‍ത്തു,തളിര്‍ത്തു.........
പകലിന്‍റെ വെയിലില്‍ നിറം വച്ചു വളര്‍ന്നു......

ഹരിതശോഭയില്‍ ഇളകിയാടി, ഒരു നാളില്‍ കൊടും കാറ്റിലോ മഴയിലോ.
ഞെട്ടറ്റ് എവിടേക്കോ തെറിച്ചു പോയി..!
പിറവിതന്ന മരവും കൂടെ കിളിര്‍ത്ത ഇലകളും കാണ്‍കെ,
എവിടെ നിന്നോ വന്നെത്തിയ ഒരു വെള്ളച്ചാലിൽ‌പ്പെട്ടൊഴുകി..

നിനച്ചിരിക്കാതെ കലങ്ങിയൊഴുകുന്ന പുഴയിലെത്തി..!

പുഴ എനിക്കു കൂട്ടായി.. കല്ലും, മുള്ളും,കരിയിലയും
പച്ചപ്പിന്‍റെ വക്കിലെത്തിയ തളിരിലകളും, ഉണങ്ങിയ കമ്പുകളും കരുതിയിരുന്നു..

അവരുടെ ഉന്തിലോ തള്ളിലോ...ഇടക്കെവിടെയോ,
ആശ്വാസമായ് ഒരു പാറയില്‍...തടഞ്ഞു നിന്നു..
പാറതന്‍ തെന്നുന്ന വക്കില്‍ പറ്റിപ്പിടിച്ചു നിന്നു.......

അതുവരെ ഒഴുകിയ ക്ഷീണം മാറ്റും മുന്നേ...
മറ്റൊരു ചെറിയ അരുവി, വീണ്ടും തട്ടിയെടുത്തു.....

നിയോഗമെന്നപോല്‍, വീണ്ടും പുഴയുടെ ഓളത്തിനൊത്തൊഴുകി....
ഒഴുകുമ്പോഴൊക്കേയും...മരവും, കൂടെ പിറന്ന ഇലകളുമായി ചിന്ത നിറച്ചു..
അവരും മറ്റൊരു കാറ്റിലും മഴയിലും ഒഴുകേണ്ടി വരുമോ...?
ഈ പുഴയിലെ ഓളത്തിന്‍ വേഗമറിയുമോ....?

ഈ നിനവുകള്‍ക്കിടയിലും ഞാനൊഴുകുകയായിരുന്നു .......

പുഴയുടെ ഓളത്തിനു കുറുകെ നീന്തി, ജന്മം തന്ന മരത്തിന്‍റെ അരികിലെത്താനുള്ള.....
മോഹം, ഇടക്കൊക്കെ തിരികെ നീന്താന്‍ പ്രേരകശക്തിയായ്..
എന്നിട്ടും, ഇളകിമറിയുന്നാ ഓളങ്ങള്‍ അതിനനുവദിച്ചില്ല..

ഒഴുകുകയാണിപ്പോഴും..കാലമറിയാതെ വേഗമറിയാതെ...
ഇനിയെന്നെങ്കിലും...തിരികെയാ മരച്ചുവട്ടിലെത്താന്‍.
അവിടെ ശയിക്കാന്‍, അഴുകി മണ്ണോടലിഞ്ഞു ചേരാന്‍.....
ആ മരത്തിനു വളമാകാന്‍....വേരുകളില്‍ ശേഷിച്ച ഊര്‍ജ്ജം പകരുവാന്‍
പുതു നാമ്പുകള്‍ക്ക് ജീവനേകാന്‍...!

മുന്നിലേക്കോടി കിതച്ച പുഴയിനി തിരികെ ഒഴുകുമോ....
ആ മരത്തിനരികിലായ് ഈ പുഴയെത്തുമോ....
വീണ്ടും ഒരു വരമായ് മരമൊന്നു കാണുവാന്‍ കഴിയുമോ..?

ഈ ഒഴുക്കിനിടയില്‍..ഈ പുഴയില്‍ , ഈ ആഴങ്ങളില്‍ , ചീഞ്ഞഴുകി
എന്നന്നേക്കുമായ് ഇല്ലാതാകുമോ എന്നറിയാതെ......
ദൂരങ്ങള്‍ താണ്ടി ഞാന്‍ വീണ്ടും ഒഴുകുന്നു.......!

2 comments:

  1. ozhukatte veendum veendum...
    vakkukalum chinthakalum.....
    ezhuthayum shabdhamayum...

    bhaavukangal...

    ReplyDelete
  2. നിന്നിൽ നിന്നടർന്നു ഞാൻ...ഇനി നിന്നിലേക്കെത്തുമോ...കുത്തൊഴുക്കിലീ പ്രയാണമിനിയെത്ര കാതം...ഒന്നഴുകി ജീർണ്ണിക്കാനെങ്കിലും....നിന്റെ പാദയോരം....

    നല്ല യാത്ര....നല്ല വരികൾ...ആശംസകൾ

    ഈ വേർഡ് വെരിഫിക്കേഷനെടുത്ത് കളഞ്ഞാൽ നന്നായിരിക്കും ട്ടോ

    ReplyDelete